Headlines

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം

ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ ‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു റോയിയുടെ ആഗ്രഹം.രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷമാകും സംസ്‌കാരം നടക്കുക. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണ് റോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിനുള്ളില്‍ നിന്നും 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥര്‍ റോയ്യുടെ ഓഫീസിലെത്തിയത് ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി. ആദ്യം നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.മൂന്നുമണിയോടെ തന്റെ കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ കേട്ടത് വെടിയൊച്ചയാണ്. കാബിനില്‍ സിസിടിവി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.