അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനെ കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ തായ്‌ലാൻഡിലെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് വോൺ
എന്നാൽ വോൺ എക്കാലത്തെയും മികച്ച സ്പിന്നറല്ലെന്നായിരുന്നു ഗവാസ്‌കറുടെ പരാമർശം. ക്രിക്കറ്റിന് മഹത്തായ സംഭാവനകൾ നൽകയി താരമാണെങ്കിലും ഇന്ത്യൻ സ്പിന്നർമാരും ലങ്കൻ താരം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നർമാർ എന്ന് ഗവാസ്‌കർ പറഞ്ഞു. ഇന്ത്യയിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്കെതിരെയും വോണിന്റേത് ശരാശരി പ്രകടനം മാത്രമായിരുന്നു
വോൺ ഒരിക്കൽ മാത്രമാണ് ഇന്ത്യയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. അതും സഹീർ ഖാൻ വമ്പനടിക്ക് ശ്രമിച്ചപ്പോൾ കിട്ടിയതാണ്. ഇന്ത്യക്കാർക്കെതിരെയും ഇന്ത്യയിലും മികച്ച പ്രകടനം നടത്താത്ത ഒരാളെ എങ്ങനെ മികച്ച സ്പിന്നർ എന്ന് വിളിക്കുമെന്നും ഗവാസ്‌കർ ചോദിച്ചിരുന്നു
എന്നാൽ വോണിന്റെ ആരാധകർ അതിരൂക്ഷമായാണ് ഗവാസ്‌കർക്കെതിരെ പ്രതികരിച്ചത്. ഗവാസ്‌കറെ കമന്ററിയിൽ നിന്നും ടെലിവിഷൻ പരിപാടികളിൽ നിന്നും വിലക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി ഗവാസ്‌കർ രംഗത്തുവന്നത്. വോൺ എക്കാലത്തെയും മികച്ച സ്പിന്നർ ആയിരുന്നോ എന്ന ചോദ്യം അവതാരകൻ ചോദിക്കാനോ ഞാൻ അതിന് ഉത്തരം നൽകാനോ പാടില്ലായിരുന്നു. ക്രിക്കറ്റിനെ മനോഹരമാക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് വോൺ. റോഡ്‌നി മാർഷും അങ്ങനെ തന്നെ. ഇരുവരുടെയും വിയോഗം കനത്ത നഷ്ടമാണെന്നും ഗവാസ്‌കർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.