സൗദിയിൽ വേതന സംരക്ഷണ നിയമത്തിൻറെ ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ബാങ്ക് അക്കൌണ്ടുകൾ വഴി ശമ്പളം നൽകണമെന്നതാണ് പ്രധാന നിബന്ധന. ശമ്പളം മുടങ്ങിയാൽ തൊഴിലാളിക്ക് സ്ഥാപനം വിടുന്നതിനും അനുവാദമുണ്ടാകും.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴിൽ നിയമത്തിൻറെ അവസാന ഘട്ടമാണ് പ്രാബല്യത്തിലാകാൻ പോകുന്നത്. സ്ഥാപനത്തിൽ ഒന്നു മുതൽ നാല് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ നിയമം ബാധകമാകും.
തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൌണ്ട് വഴി ട്രാൻസ്ഫർ ചെയ്യുക, കൃത്യ സമയത്ത് ശമ്പളം നൽകുക എന്നിവയാണ് നിയമത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ.
ഒന്നു മുതൽ നാല് വരെ ജീവനക്കാരുള്ള മൂന്നേ മുക്കാൽ ലക്ഷം സ്ഥാപനങ്ങളാണ് സൌദിയിലുള്ളത്. വൻകിട സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാനിയമം ആദ്യം നടപ്പാക്കിത്തുടങ്ങിയത്. ശമ്പളം കൃത്യ സമയത്ത് ലഭിച്ചില്ലെങ്കിൽ ബാങ്ക് രേഖ തെളിവാകും. ഇതു വെച്ച് തൊഴിലാളിക്ക് പരാതിപ്പെടാം. തുടരെ ശമ്പളം വൈകിയാൽ സ്‌പോൺസർഷിപ്പ് മാറാൻ തൊഴിലാളിക്ക് സാധിക്കും. അവകാശ ലംഘനം കുറക്കാനും ഇടപാടുകൾ സുതാര്യമാക്കാനും പുതിയ നിയമത്തിലൂടെ മന്ത്രാലയത്തിന് സാധിക്കും.