ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്‌കീമിനും മണി സര്‍ക്കുലേഷനും നിരോധനം. മൾട്ടി ലെയർ നെറ്റ് വർക്ക് വിൽപ്പന വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണി ചേർത്ത് മണി ചെയ്ൻ രൂപത്തിൽ വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന മാർക്കറ്റിങ് രീതിയാണ് കേന്ദ്രം വിലക്കിയത്.
പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലിംഗ് ബിസിനസുകള്‍ക്ക് രാജ്യത്ത് അവരുടെ രജിസ്റ്റര്‍ ചെയ്ത ഒരു ഓഫീസെങ്കിലും പ്രവർത്തിച്ചിരിക്കണം. ആന്റ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന മണി ചെയിൻ പദ്ധതികൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നീതിപൂർവമല്ലാത്ത വ്യാപാരമാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം നിരീക്ഷിച്ചു.
പുതിയ ആളുകളെ ചേർക്കുന്നതിനനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയിലുള്ള മാർക്കറ്റിങ് ആണ് നിരോധിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു. ആദ്യമാദ്യം ചേരുന്നവർ മുകൾ തട്ടിലും പിന്നീട് ചേരുന്നവർ അവരുടെ താഴെത്തട്ടിലുമായി പിരമിഡ് രൂപത്തിലുള്ള മൾട്ടിലെയേഡ് നെറ്റ് വർക്കാണ് പിരമിഡ് സ്‌കീം എന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു. കേരളത്തിലും ഇത്തരം മാർക്കറ്റിങ് കമ്പനികൾ നിരവധിയുണ്ട്.
പുതിയ വിജ്ഞാപന പ്രകാരം ഡയറക്ട് സെല്ലിങ് കമ്പനികൾക്ക് കേന്ദ്രം പുതിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വിൽപ്പനക്കാരിലൂടെ തങ്ങളുടെ ഉൽപ്പനങ്ങളും സേവനങ്ങളും നൽകുന്ന ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിംഗ്) റൂൾസ്, 2021 അനുസരിച്ച്, ഇത്തരം വില്പനക്കാരിൽ നിന്നും ഉണ്ടാകുന്ന എന്ത് പരാതികൾക്കും കമ്പനി ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കണം. വില്പനക്കാരിൽ നിന്നും ഉണ്ടാകുന്ന പരാതികൾക്കും നിർദേശങ്ങൾക്കും കമ്പനി ആയിരിക്കും ബാധ്യസ്തർ.
പ്രശ്നപരിഹാരത്തിനായി ഒരു ഓഫീസ് ഇന്ത്യയിൽ നിർബന്ധമാണ്. ഏതെങ്കിലും തരത്തിലുള്ള പിരമിഡ് സ്‌കീം അല്ലെങ്കിൽ മണി സർക്കുലേഷൻ സ്‌കീം എന്നിവയുമായി ബന്ധമില്ലന്ന് കമ്പനി വ്യക്തമാക്കണം. കമ്പനി സെക്രട്ടറി വിൽപനക്കാരുമായി രേഖാമൂലം കരാറിലേർപ്പെടണമെന്നും വിൽപ്പനക്കാരുടെ ചരക്കുകൾക്കും സേവനങ്ങൾക്കും കമ്പനി സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. വിജ്ഞാപനമനുസരിച്ച് 90 ദിവസത്തിനകം നിയമങ്ങൾ ബാധകമാകും.