പത്മഭൂഷൺ നിരസിച്ചത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് ബുദ്ധദേബ് ഭട്ടാചാര്യ

 

പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചത് തന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്. മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല. മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും താൻ സ്വീകരിക്കുമായിരുന്നില്ലെന്നും ബുദ്ധദേബ് പറഞ്ഞു

ഇതിന്റെ പേരിൽ അപവാദ പ്രചാരണം നടക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ബുദ്ധദേബിന്റെ സത്‌പേരിനെ കളങ്കപ്പെടുത്തി ബംഗാളിലെ ഇടതുപക്ഷ വോട്ടർമാരുടെ അനുഭാവം നേടിയെടുക്കാനുള്ള ബിജെപിയുടെ കുടില തന്ത്രമാണ് പത്മ പുരസ്‌കാര പ്രഖ്യാപനമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി നേതാവ് സുജൻ ചക്രബർത്തി ആരോപിച്ചു.

പത്മ പുരസ്‌കാരം നിരസിക്കുന്ന മൂന്നാമത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ് ഭട്ടാചാര്യ. 1992ൽ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷൺ നിരസിച്ചിരുന്നു. 2008ൽ ജ്യോതിബസു ഭാരത് രത്‌ന നിരസിച്ചു.