മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

ഭോപാല്‍: മധ്യപ്രദേശില്‍ ചെറുപരിശീലക വിമാനം തകര്‍ന്നുവീണ് മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഭോപ്പാലിലെ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പൈലറ്റുമാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭോപാല്‍ പോലിസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ശര്‍മ പറഞ്ഞു.

ഭോപ്പാലില്‍നിന്ന് ഗുനയിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനം ബാദ്വായ് ഗ്രാമത്തിനടുത്തുള്ള വയലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും നിസാരപരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാവാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നാണ് ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.