രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കുന്നു; ശക്തിയും തനിമയും വിളിച്ചോതി സൈനിക പരേഡ്

രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സൈനിക മേധാവിമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വിശിഷ്ടാതിഥി ഇല്ലാതെയാണ് ഇത്തവണ റിപബ്ലിക് ദിനം ആഘോഷിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പരേഡ് കാണാനുള്ള കാണികളുടെ എണ്ണവും കുറച്ചിരുന്നു. സൈനിക കരുത്ത് തെളിയിക്കുന്നതായിരുന്നു രാജ്പഥിൽ നടന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ഷിൽക വെപൺ സിസ്റ്റം, രുദ്ര, ദ്രുവ് ഹെലികോപ്റ്ററുകൾ, ബ്രഹ്മോസ് മിസൈൽ എന്നിവ പരേഡിന്റെ ഭാഗമായി.

പരേഡിൽ പങ്കെടുത്ത 861 ബ്രഹ്മോസ് മിസൈൻ റെജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. സൈനിക ശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു. രാജ്യത്തെ ആദ്യത്തെ ഫൈറ്റർ ജെറ്റ് വനിതാ പൈലറ്റുമാരിൽ ഒരാളായ ഭാവന കാന്ത് എയർഫോഴ്‌സ് ടാബ്ലോയിൽ പങ്കെടുത്തു.

32 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരന്നത്. തെയ്യം ഉൾപ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തിൽ നിന്നുള്ള ടാബ്ലോയിൽ ഉൾപ്പെട്ടത്.