നിവാര്‍ ബുധനാഴ്ച കരതൊടുമെന്ന് മുന്നറിയിപ്പ്; വന്‍ സുരക്ഷാസന്നാഹം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നു പ്രവചനമുണ്ടായതോടെ തമിഴ്‌നാട് ഭീതിയില്‍. നിവാര്‍ എന്നു പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയില്‍ കരതൊടുമെന്നാണു കാലാവസ്ഥാ മന്നറിയിപ്പ്. ചെന്നൈ ഉള്‍പെടുന്ന വടക്കന്‍ തമിഴ്‌നാട്ടില്‍ പേമാരിയുണ്ടാകുമെന്നും പ്രവചനമുണ്ടായതോടെ തീരദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി.

ചെന്നൈയ്ക്കു 740 കിലോ മീറ്റര്‍ അകലെയാണു ന്യൂനമര്‍ദ്ദം ഇപ്പോഴുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഇതു ചുഴലിക്കാറ്റായി മാറി ബുധനാഴ്ച കരയിലെത്തിയേക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉച്ചയ്ക്കു ശേഷമാകും ചുഴലിക്കാറ്റു കരതൊടുക. ചെന്നൈയ്ക്കു സമീപം മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ കൂടി മണിക്കൂറില്‍ 60 – 80 വരെ കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശും .ചെന്നൈ, ചെങ്കല്‍പ്പേട്ട്, വിഴുപുരം,കാഞ്ചീപുരം,കടലൂര്‍,മയിലാടുതുറൈ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് കണക്കിലെടുത്തു മുന്നൊരുക്കങ്ങള്‍ തുടങ്ങി. ആര്‍ക്കോണത്തു നിന്നുള്ള ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് യൂണിറ്റ് വീതം കടലൂരിലേക്കും ചിദംബരത്തേക്കും തിരിച്ചു.

 

മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്. കടലോരത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.