അറ്റോമിക്ക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാനും ആണവഗവേഷകനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
മെക്കാനിക്കല്‍ എഞ്ചിനീയറായ ഡോ. ബസു ഇന്ത്യയിലെ ആണവ പദ്ധതികള്‍ക്കായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തിലും ബസുവിന്റെ സംഭാവനയുണ്ട്. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ഡോ. ബസുവിനെ ആദരിച്ചു.