കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ

ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഭവത്തിനുപിന്നിലുള്ളവരെ എത്രയും പെട്ടെന്നു നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് കേരള ജനതയ്ക്ക് ഉറപ്പുതരികയാണ്. ഉത്തർപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണ്, അമിത് ഷാ പറഞ്ഞു.

അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ആക്രമണത്തിന് പിന്നിൽ എബിവിപിക്കാരാണെന്ന് റെയിൽവേ സൂപ്രണ്ട് ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഋഷികേശിലെ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എബിവിപിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് റെയിൽവേ അറിയിച്ചത്.