കോവിഡ്: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷമുണ്ടാവില്ല

സഞ്ചാരികള്‍ക്ക് കോവിഡ് ഇല്ലാതാക്കിയ സന്തോഷങ്ങള്‍ ഒരുപാടുണ്ട്. ആഘോഷങ്ങളും മേളകളും യാത്രകളും എല്ലാമായി ആ ലിസ്റ്റ് അങ്ങനെ നീണ്ടു കിടക്കുകയാണ്. അതിലേക്ക് ഏറ്റവും പുതിയതായി കടന്നു വരികയാണ് നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഹോൺബിൽ ഫെസ്റ്റിവൽ നടക്കുവാൻ സാധ്യതയില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തിന് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് നാഗാലാൻഡിലെ ടൂറിസം ഉപദേഷ്ടാവ് എച്ച് ഖെഹോവി യെപ്‌തോമി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിനോദ സഞ്ചാരം നിലച്ചത് നാഗാലാൻഡിന് സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാണ് നല്കിയിരിക്കുന്നത്. ഇതിനുപുറമെ, സംസ്ഥാന ടൂറിസം വ്യവസായം ഹോൺബിൽ ഫെസ്റ്റിവലിനെ ആശ്രയിച്ചു മാത്രമാണുള്ളത്.
ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുടമകൾ, ഗൈഡുകൾ, വാഹനങ്ങള്‍, നിരവധി കരകൗശലത്തൊഴിലാളികൾ, റെസ്റ്റോറന്റ് ഉടമകൾ തുടങ്ങിയവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ് ഈ ഫെസ്റ്റിവല്‍.
സാധാരണയായി ഡിസംബർ ഒന്നിന് ആരംഭിക്കുന്ന 10 ദിവസത്തെ ഹോൺബിൽ ഫെസ്റ്റിവൽ സംസ്ഥാനത്തെ വിവിധ ഗോത്രങ്ങളുടെ സംസ്കാരങ്ങളുടെ ആഘോഷമാണ്.
നാഗാലാൻഡിലെ പ്രധാന 16 ഗോത്രങ്ങളെയും അവരുടെ സംസ്കാരത്തെയും ആചാരങ്ങളെയും ഒരൊറ്റ ഇടത്ത്കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് 2000 ൽ ഹോൺബിൽ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. നാഗാലാൻഡിലെ ടൂറിസം വികസിപ്പിക്കുക, ഇവിടുത്തെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക തുടങ്ങി ലക്ഷ്യങ്ങളും ഇതിനുണ്ട്.
ആഘോഷം മാത്രം നിറഞ്ഞു നില്‍ക്കുന്ന പത്ത് ദിനങ്ങള്‍ ആസ്വദിക്കുവാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. നാഗാലാൻഡിലെ കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. പതിനാറ് ഗോത്രങ്ങളുടെയും സംസ്കാരത്തെയും ആചാരത്തെയും സൂചിപ്പിക്കുന്ന 16 കുടിലുകൾ ഇവിടെയുണ്ട്. ഓരോ ഗോത്രത്തിന്റെയും ചരിത്രവും സംസ്കാരവും ആചാരങ്ങളും ഇവിടെ നിന്നും അറിയാം.