സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ക്ഷേമത്തിനായി തന്റെ സർക്കാർ നൽകുന്ന സംഭാവനകളെ കുറിച്ച് യോഗത്തിൽ അദ്ദേഹം വാചാലനായി. ഏകദേശം രണ്ട് ലക്ഷത്തിലധികം വനിതകൾ പങ്കെടുത്ത പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
മുൻപ് സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സായിരുന്നു. എന്നാൽ പെൺകുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങൾ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നത്. വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ചിലർ രംഗത്തുവരുന്നതിനെ സ്ത്രീകൾ കാണുന്നുണ്ടെന്നും പ്രതിപക്ഷത്തെ വിമർശിച്ച് മോദി പറഞ്ഞു
ലോക്‌സഭയിൽ വിവാഹ പ്രായ ഏകീകരണ ബിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവതരിപ്പിക്കുന്ന അതേസമയത്ത് തന്നെയാണ് യുപിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയും നടന്നത്. നാടകീയ രംഗങ്ങളാണ് ലോക്‌സഭയിൽ നടന്നത്. ബില്ല് പ്രതിപക്ഷം കീറിയെറിഞ്ഞു. ബഹളത്തെ തുടർന്ന് ബില്ല് സബ്‌ജെക്ട് കമ്മിറ്റിക്ക് വിടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.