വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. യാത്രയ്ക്ക് മുന്‍പും ശേഷവുമുള്ള കൊവിഡ് പരിശോധനയില്‍നിന്ന് ഇവരെ ഒഴിവാക്കി രാജ്യാന്തര യാത്രകള്‍ക്കുള്ള മാര്‍ഗരേഖ ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.

പുതിയ മാര്‍ഗരേഖ ഇന്നലെ അര്‍ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വന്നത്. അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

പൂര്‍ണ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷവും കൊവിഡ് പരിശോധന നടത്തണം. ശേഷം ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. നെഗറ്റീവായാലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.

വാക്‌സിനെടുത്തതിന്റെ ഇളവു ലഭിക്കണമെങ്കില്‍ രണ്ടു ഡോസുമെടുത്ത് 15 ദിവസം കഴിഞ്ഞിരിക്കണം. ഇന്ത്യയുമായി ധാരണയുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ വാക്‌സിന്‍ പൂര്‍ണമായി എടുത്തിട്ടുണ്ടെങ്കില്‍ വിമാനത്താവളത്തില്‍നിന്നു നേരെ വീട്ടിലേക്കു പോകാം. ക്വാറന്റൈനും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, രണ്ടാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. തുറമുഖം ഉള്‍പ്പെടെ മറ്റ് അതിര്‍ത്തികളിലൂടെ വരുന്നവര്‍ക്കും ഇതേ മാര്‍ഗരേഖ ബാധകമാകും.