സുപ്രിം കോടതിയിലെ മൂന്ന് കോടതികള്‍ ഇന്ന് തുറക്കും; മറ്റുള്ളവ വീഡിയോ കോൺഫറൻസ് വഴി

ന്യൂഡൽഹി: ഇന്ന് മുതൽ സുപ്രിം കോടതി ഭാഗികമായി തുറക്കും. ആദ്യഘട്ടത്തിൽ 14 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് കോടതികളാണ് തുറക്കുക. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികൾ ഇതിനായി സജ്ജമാക്കി. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചാകും മറ്റ് കോടതികൾ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക. ഇപ്പോൾ തുറക്കുന്ന കോടതികളിൽ വാദം കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിക്കും. മറ്റ് കേസുകൾ വീഡിയോ കോണ്ഫേറൻസിംഗ് വഴി തന്നെ തുടരും.

അതേസമയം കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രിംകോടതി തീരുമാനിച്ചേക്കും. ശിക്ഷയിന്മേൽ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വാദം കേൾക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക. പരമാവധി ശിക്ഷ നൽകാനാണ് തീരുമാനമെങ്കിൽ പ്രശാന്ത് ഭൂഷൺ ആറുമാസം ജയിലിൽ പോകേണ്ടിവരും.