മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും
മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും. ഡോ.യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നിവരുടെ നിയോഗ ശുശ്രൂഷ രാവിലെ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ അരമനച്ചാപ്പലിൽ വെച്ച് നടക്കും. വികാരി ജനറൽ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിൻ്റെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും.
സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്ന ചടങ്ങ് രണ്ടര മണിക്കൂറോളം നീണ്ട് നിൽക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും ചടങ്ങുകൾ . ജൂലൈ പതിനാറിന് ചേർന്ന സിനഡ് യോഗത്തിലാണ് മാർത്തോമ മെത്രാപ്പൊലീത്തക്ക് സഹായികളായി രണ്ട് സഫ്രഗൻ മെത്രാപ്പൊലീത്തമാരെ നിയോഗിക്കാൻ തീരുമാനിച്ചത്.