തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ലഘൂകരിച്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറയ്ക്ക് ഒട്ടും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹമായ മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ രണ്ടാം തരംഗം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ നിലയില്‍ പോയാല്‍ രണ്ട്, മൂന്ന് മാസങ്ങള്‍ക്കകം തന്നെ 60-70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവകരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂവെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍കൊണ്ടാണ് രോഗവ്യാപനം ഈ രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.