മൂന്നാം തരംഗം തടയാൻ ലോക്ക് ഡൗൺ മാത്രം പോര; ബഹുജന കൂട്ടായ്മ കൂടി വേണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ കൊണ്ട് മാത്രം മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്‌സിൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്‌സിൻ എടുത്തവരും രോഗം ഭേദമായവരും കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോവിഡ് വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കും. അതിവ്യാപനമുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തുണ്ട്. മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. കോവിഡ് ചികിത്സയ്‌ക്കൊപ്പം കൊവിഡ് ഇതര രോഗികൾ ചികിത്സയ്ക്ക് വരുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാൽ സർക്കാർ ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ കൂടുതലായി പരിചരിക്കും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.