സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നു; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സീനേഷന് വേണ്ട വാക്‌സീൻ നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ആഗോള ടെണ്ടർ വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്‌സിനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്‌സിൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ തന്നെ വിളിച്ചാൽ വാക്‌സിനുകളുടെ വില ഉയരാതെ നിലനിർത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സമൂഹത്തിൽ പരമാവധി പേർക്ക് വാക്‌സിൻ നൽകലാണ്. അങ്ങിനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആർജ്ജിക്കാനാവുക. എന്നാൽ വാക്‌സിനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയിൽ വാക്‌സിനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു