കനയ്യകുമാറിനെ വിടാതെ പിടിക്കാൻ സിപിഐ; അനുനയ നീക്കം ആരംഭിച്ചു

 

കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐ ആരംഭിച്ചു. കനയ്യ പാർട്ടി വിട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഐ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് സിപിഐ നേതൃത്വവുമായി കനയ്യകുമാർ അകന്നുതുടങ്ങിയത്.

ബെഗുസരായ് മണ്ഡലത്തിൽ മത്സരിച്ച കനയ്യ നാല് ലക്ഷത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആർ ജെ ഡി അന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ തനിക്ക് വിജയിക്കാനാകുമെന്ന് കനയ്യ വിശ്വസിക്കുന്നുണ്ട്. കനയ്യയുടെ വിജയത്തിനായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലേക്ക് ദിവസങ്ങൾ കൊണ്ട് 70 ലക്ഷം രൂപ എത്തിയിരുന്നു

ഈ തുക പാർട്ടി ഫണ്ടിലേക്ക് അടക്കണമെന്ന സിപിഐ നിർദേശം കനയ്യകുമാർ തള്ളിയിരുന്നു. പിന്നീട് ബീഹാറിൽ കനയ്യയുടെ അനുയായികളും സിപിഐ നേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ സിപിഐ ദേശീയ കൗൺസിൽ യോഗം കനയ്യയെ താക്കീത് ചെയ്തു.

ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം കോൺഗ്രസിലേക്കെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ബിഹാർ കോൺഗ്രസിൽ കനയ്യയ്ക്ക് നിർണായക പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. കൂടാതെ യുപി തെരഞ്ഞെടുപ്പിലടക്കം സജീവ സാന്നിധ്യമാകണമെന്നും രാഹുൽ നിർദേശിച്ചിട്ടുണ്ട്.