ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാൻ വീണ്ടും രാഹുൽ ഗാന്ധി. ഇന്നു നടന്ന പാർട്ടി പ്രവർത്തക സമിതിയിലാണ് രാഹുൽ ഇതിന്റെ സൂചന നൽകിയത്. മുതിർന്ന നേതാക്കളടക്കം പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് യോഗത്തിൽ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അക്കാര്യം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുതിർന്ന നേതാക്കളടക്കം നിരവധി പേരാണ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അക്കാര്യം പരിഗണിക്കാമെന്നും എന്നാൽ, നേതാക്കളുടെ ഭാഗത്തുനിന്ന് പാർട്ടി പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള വ്യക്തത ആവശ്യമുണ്ടെന്നും രാഹുൽ യോഗത്തിൽ പ്രതികരിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.