ബീഹാറിൽ ശതകോടികൾ ചെലവിട്ട് എട്ട് വർഷം കൊണ്ട് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ തകർന്നുവീണു. ഗോപാൽഗഞ്ച് ഗന്ധക് നദിക്ക് കുറുകെ പണിത പാലമാണ് തകർന്നുവീണത്. ഒരു മാസം മുമ്പ് ജൂൺ 16നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പാലം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
പട്‌നയിൽ നിന്നും 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സത്തർഘട്ട് പാലമാണ് തകർന്നത്. 263 കോടി രൂപ ചെലവിട്ട് എട്ട് വർഷമെടുത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ബീഹാർ രാജ്യ പുൽ നിർമാൺ നിഗം ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല.
നാല് ദിവസമായി തുടരുന്ന മഴയിൽ ജലനിരപ്പ് ഉയരുകയും പാലത്തിന്റെ ഒരു ഭാഗം തകർന്നടിയുകയുമായിരുന്നു. സർക്കാരിന്റെ കടുത്ത അഴിമതിയുടെ ഉദാഹാരണമാണ് ഇതെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും തേജസ്വി ആവശ്യപ്പെട്ടു