ജി 23 നേതാക്കളുടെ വിശാലയോഗം ഇന്ന് ഡൽഹിയിൽ; കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം

കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ജി 23 നേതാക്കളുടെ വിശാല യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് യോഗം. കേരളത്തിലെ ചില നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.

സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബം അറിയിച്ചിരുന്നു. നേതൃത്വത്തിൽ മാറ്റം വന്നില്ലെങ്കിൽ കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാാണ് നിലപാട് വീണ്ടും കടുപ്പിക്കാൻ ജി23 നേതാക്കൾ തീരുമാനിച്ചത്്

ഇന്നലെ രാഹുൽ ഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ച് കപിൽ സിബൽ രംഗത്തുവന്നിരുന്നു. ഇല്ലാത്ത അധികാരം രാഹുൽ ഗാന്ധി ഉപയോഗിക്കുന്നുവെന്നും പാർട്ടിയുടെ ഒരു കുടുംബത്തിന്റേതാക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും സിബർ പറഞ്ഞിരുന്നു. കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു.