ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിർദേശപ്രകാരമാണ് നടപടി. കർഷകരുടെ മേൽ വാഹനം ഇടിച്ചുകയറ്റിയത് മനപ്പൂർവമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്
റിപ്പോർട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയത്. ഐപിസി 307, 326, 334 വകുപ്പുകൾ കൂടിയാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു
അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ഇരുസഭകളും ഈ വിഷയത്തെ ചൊല്ലി ബഹളത്തിൽ മുങ്ങി.