വായുമലിനീകരണം: ദീവാലിക്കുശേഷം ഡല്‍ഹിയില്‍ സംഭവിക്കാനിരിക്കുന്നത് വലിയ ദുരന്തമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ക്രമാധീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ദീവാലി ദിനങ്ങള്‍ സംസ്ഥാനത്തെ വായുമലിനീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡാറ്റ ക്രോഡീകരിച്ചുകൊണ്ടാണ് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ വായുമലിനീകരത്തിന്റെ തോതളക്കുന്ന എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് ഡല്‍ഹിയില്‍ 339 ആയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 400ഉം കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദീപാവലിയ്ക്കു ശേഷമാണ് എക്യുഐ ക്രമാധീതമായി ഉയര്‍ന്നതെങ്കില്‍ ഈ വര്‍ഷം ദീപാവലിക്കുമുമ്പേ ഈ അളവിലേക്ക് വായുമലിനീകരണം ഉയര്‍ന്നിട്ടുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം വരാനിരിക്കുന്നത് കടുത്ത മലിനീകരണത്തിന്റെ ദിവസങ്ങളാണെന്നാണ് ഇത് നല്‍കുന്ന സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയിലെ എക്യുഐ 339 ആയിരുന്നു. വ്യാഴാഴ്ച ഇത് 314 ആയിരുന്നു. 314 ആണെങ്കിലും 339 ആണെങ്കിലും എക്യുഐ ‘വളരെ മോശം’ അളവിലാണ് ഇപ്പോഴുള്ളത്. ഈ അളവില്‍ മലിനീകരണമുളള പ്രദേശങ്ങളില്‍ ജീവിക്കുന്നത് ആരോഗ്യമുളളവര്‍ക്കുപോലും അപകടകരമാണ്.

പടക്കങ്ങളുടെ ഉപയോഗവും വാഹനപ്പെരുപ്പവുമാണ് ദീപാവലിക്കു ശേഷമുള്ള ഉയര്‍ന്ന വായുമലിനീകരണത്തിന് കാരണം. എല്ലാ വര്‍ഷവും പടക്കങ്ങളുടെ ഉപയോഗം നിയന്ത്രിക്കാറുണ്ടെങ്കിലും പ്രയോഗികമാവാറില്ല. നയന്ത്രണം ശക്തമാക്കിയില്ലെങ്കില്‍ സ്ഥിതി രൂക്ഷമാവുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.