ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട വായു ഗുണനിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിൽ പലയിടങ്ങളിലും ആകാശത്ത് പുകയും പൊടിപടലങ്ങളും നിറഞ്ഞ മൂടല്‍ മഞ്ഞ് കാണപ്പെട്ടു. മലിനമായ വായു മൂലം പലർക്കും കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.താഴ്ന്ന താപനിലയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് ഡല്‍ഹി നിവാസികളുടെ ആരോഗ്യത്തിന് ഗരുതര ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 461 ആണ്. വായു ഗുണനിലവാരം 400ന് മേല്‍ ഉയരുന്നത് തീവ്രമായ അന്തരീക്ഷ മലിനീകരണത്തെയാണ് സൂചിപ്പിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നതിൽ 40 ശതമാനം പങ്കുവഹിക്കുന്നു.