മരിച്ചവരില്‍ നിന്നും അവയവദാനം നിര്‍ബന്ധമാക്കണം; ബില്ലുമായി വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: മരിച്ചവരില്‍ നിന്നും അവയവദാനം നിര്‍ബന്ധമാക്കണമെന്ന ബില്ലുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മരിച്ചെന്ന് വ്യക്തമായവരില്‍ നിന്ന് അവയവം എടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ബില്ലാണ് വരുണ്‍ ഗാന്ധി (Varun Gandhi) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്

അവയവദാന ദിനമായ വ്യാഴാഴ്ച തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വരുണ്‍ ഗാന്ധിയുടെ പ്രസ്താവന. സ്വകാര്യ ബില്ലായാകും ഇത് അവതരിപ്പിക്കുക. ഈ ബില്‍ പാര്‍ലമെന്‍റില്‍ പാസായാല്‍ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാരും സ്വാഭാവികമായി ദേശീയ അവയവ ദാന രജിസ്റ്ററിന്‍റെ ഭാഗമാകും. എന്നാല്‍, യോജിപ്പില്ലെങ്കില്‍ ഇതില്‍ നിന്നും മാറിനില്‍ക്കനുള്ള അവസരമുണ്ടാകും

ദി ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻ ബിൽ, 2020’ എന്ന പേരിലാണ് ബില്‍. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. യോജിച്ച അവയവം ലഭിക്കാത്തതിന്റെ പേരില്‍ ഒരു വര്‍ഷം രാജ്യത്ത് മരിക്കുന്നത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ് എന്നാണ് വരുണ്‍ ഗാന്ധി പറയുന്നത്.