ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ടോപ്പൂര്‍ ഹൈവേയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടതിനെതുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
സേലം ധര്‍മ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംഭവത്തിന് ശേഷം ജില്ലാ കളക്ടര്‍ കാര്‍ത്തിക സ്ഥലം സന്ദര്‍ശിച്ചു.