നീറ്റ് പരീക്ഷക്കെതിരെ നിയമനിർമാണവുമായി തമിഴ്‌നാട് സർക്കാർ. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകൾ അല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് അവതരിപ്പിച്ചു കൊണ്ട് സ്റ്റാലിൻ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു
രാജ്യത്ത് ഇതാദ്യമായിട്ടാണ് ഒരു സംസ്ഥാനം നീറ്റിനെ എതിർക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്നത്. പ്ലസ് ടു മാർക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തമിഴ്‌നാട്ടിൽ നേരത്തെ മെഡിക്കൽ പ്രവേശനമുണ്ടായിരുന്നത്. നീറ്റ് വന്നതോടെ പ്ലസ് ടുവിന് നല്ല മാർക്ക് നേടുന്നവർക്ക് പോലും ഇത് വിജയിക്കാനാകാത്ത സ്ഥിതി വന്നു. നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്യാനും കാരണമായി. തുടർന്നാണ് ഇത്തരമൊരു നിയമനിർമാണത്തെ കുറിച്ച് സർക്കാർ ആലോചിച്ച് തുടങ്ങിയത്
അധികാരത്തിലെത്തിയാൽ നീറ്റ് ഒഴിവാക്കുമെന്ന് ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നീറ്റ് പരീക്ഷ കൊണ്ട് വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ വാശി പിടിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.