പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയാർ; സോണിയാഗാന്ധി

ന്യൂഡൽഹി: പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയാറാണെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ജി 23 വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്.സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു.

ഉത്തര്‍ പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയില്‍ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. രണ്ട് പേര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകുമെന്നാണ് വിവരം. കമല്‍നാഥിന്റെയും ഗുലാം നബി ആസാദിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി 23 നേതാക്കള്‍ പുനസംഘടനയാവശ്യപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം.

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകുന്നത് തടയാനാണ് നിലവില്‍ നേതൃത്വത്തിന്റെ നീക്കം. ജി 23 നേതാക്കളെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.