ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഈമാസം ഇതുവരെ 139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 ദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത് എന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഒക്ടോബര്‍ 9ന് അവസാനിക്കുന്ന ആഴ്ചയില്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എസ്ഡിഎംസി) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഈവര്‍ഷം ഇതുവരെ 480 ഡെങ്കിപ്പനി കേസുകള്‍ രാജ്യതലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഡെങ്കി ബാധിച്ച് നിരവധി പേരാണ് മരണപ്പെട്ടത്. യുപിയിലെ ഫിറോസാബാദില്‍ മാത്രം ഡെങ്കി ബാധിച്ച് 51 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടുതലും കുട്ടികള്‍. സപ്തംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ 217 ഡെങ്കി കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശിന് പിന്നാലെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡല്‍ഹിയിലും ഡെങ്കിപ്പനി പടരുകയാണ്. ആഗസ്ത് അവസാനംവരെ 124 ഡെങ്കി കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 2018ന് ശേഷം ആഗസ്തിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയത്.
ആഗസ്തില്‍ മാത്രം ഡല്‍ഹിയില്‍ 72 ഡെങ്കി രോഗികളായിരുന്നു. 57 പേര്‍ക്ക് മലേറിയയും 32 പേര്‍ക്ക് ചിക്കന്‍ഗുനിയയും സ്ഥിരീകരിച്ചു. ഡെങ്കി വൈറസ് (DENV) പനിക്കും രക്തസ്രാവത്തിനും കാരണമാവുന്നുണ്ട്. DENV2 കൂടുതല്‍ ഗുരുതരമായ അവസ്ഥയാണ്. DEN1, DEN2, DEN3, DEN4 എന്നീ അടുത്ത ബന്ധമുള്ള നാല് വൈറസുകളാണ് ഡെങ്കി അണുബാധയ്ക്ക് കാരണമാവുന്നത്.
ഈ നാല് വൈറസുകളെ സെറോടൈപ്പുകള്‍ എന്ന് വിളിക്കുന്നു, കാരണം ഓരോന്നിനും മനുഷ്യ രക്തത്തിലെ സെറത്തിലെ ആന്റിബോഡികളെ ബാധിക്കുന്നതാണ്. നാല് ഡിഇഎന്‍വി സെറോടൈപ്പുകള്‍ അര്‍ഥമാക്കുന്നത് നാല് തവണ അണുബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്. മഴക്കാലത്തിനുശേഷം ആരംഭിക്കുന്ന ഡെങ്കി സീസണ്‍ ശൈത്യകാലം ആരംഭിക്കുന്നത് വരെ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.