ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠന റിപോര്‍ട്ട്. കൊവിഡ് ബാധിച്ചവര്‍ പോലും അറിയാതെയാണ് രോഗം വന്നതും മാറിയതും. മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം. ഡല്‍ഹിയിലെ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായാണ് പഠനത്തില്‍ കണ്ടെത്തിയത്. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണ് സര്‍വെ നടത്തിയത്. 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള സര്‍വേയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണ്. അതിനു ശേഷം ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. രണ്ടു കോടി ഡല്‍ഹി നിവാസികളില്‍ 66 ലക്ഷം പേര്‍ക്കും കോവിഡ് ബാധിച്ചെന്നും രോഗമുക്തിക്കുശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ രൂപപ്പെട്ടെന്നുമാണ് സര്‍വേയില്‍ കണ്ടെത്തിയത്. കൊറോണ പടര്‍ന്നു പിടിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സെറോപ്രൊവലന്‍സാണ് ഇത്. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ നടത്തിയ രണ്ടാം സിറോ സര്‍വേയില്‍ 29.1% ജനങ്ങള്‍ക്കും ആന്റിബോഡികള്‍ ഉണ്ടെന്നു വ്യക്തമായി. ജൂണ്‍ അവസാനം മുതല്‍ ജൂലൈ ആദ്യം വരെ നടത്തിയ ആദ്യ സിറോ സര്‍വേയില്‍ ആന്റിബോഡികള്‍ കണ്ടെത്തിയത് 23.4% പേര്‍ക്കാണ്. ആദ്യ സര്‍വേയില്‍ 21,000 സാംപിളുകളും രണ്ടാം സര്‍വേയില്‍ 15,000 സാംപിളുകളുമാണ് ശേഖരിച്ചത്.
The Best Online Portal in Malayalam