സൗരോര്‍ജ മേഖലയിലും മുകേഷ് അംബാനി ചുവടുറപ്പിക്കുന്നു

 

മുംബൈ: മുകേഷ് അംബാനി സൗരോര്‍ജ മേഖലയിലും ചുവടുറപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്പനി 8,600 കോടിയുടെ ഏറ്റെടുക്കല്‍ പദ്ധതി കൂടി പ്രഖ്യാപിച്ചു. നോര്‍വീജിയന്‍ കമ്പനി ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്‌സിനെ 771 ദശലക്ഷം ഡോളര്‍ നല്‍കി റിലയന്‍സ് ഏറ്റെടുത്തു. നിലവില്‍ ആര്‍ഇസി ഗ്രൂപ്പ് ചൈന നാഷണല്‍ ബ്ലൂസ്റ്റാറിനു കീഴിലാണ്. അവരില്‍ നിന്നാണ് റിലയന്‍സ് ആര്‍ഇസിയെ ഏറ്റെടുക്കുന്നത്.

സിംഗപ്പൂരിലും ആര്‍ഇസിക്ക് സോളര്‍ പാനല്‍ നിര്‍മാണ പ്ലാന്റുകളുണ്ട്. ആര്‍ഇസി കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ സോളാര്‍ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

28,50 കോടിയുടെ നിക്ഷേപമാണ് റിലയന്‍സ് നടത്തുന്നത്. 10.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡിന്റെ ഭാവി പദ്ധതി. 2030 ആകുമ്പോഴേക്കും സൗരോര്‍ജ ഉത്പ്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം.