ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി വെളിപ്പെടുത്തിയത് പ്രമുഖരുടേത് അടക്കം 30 പേരുകൾ. ചലചിത്ര രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിൽ ഉൾപ്പെടും.
മയക്കുമരുന്ന് ഉപയോഗിച്ചതായും നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും രഹസ്യമായി ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.
നേരത്തെ അറസ്റ്റിലായ രാഗിണി ദ്വിവേദിയും സഞ്ജനയും വെളിപ്പെടുത്തിയ പേരുകൾ ഒന്നു തന്നെയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും മക്കളുടെ പേരുകളും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യമായ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രമുഖ നടിയുടെ പേരും പറഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനും വീട്ടിൽ റെയ്ഡ് നടത്താനുമുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.