മോദി 16000 കോടിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങി; എയര്‍ ഇന്ത്യയെ 18000 കോടിക്ക് സുഹൃത്തുക്കള്‍ക്ക് വിറ്റു: പ്രിയങ്ക ഗാന്ധി

 

വാരണാസി: കിസാന്‍ ന്യായ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രിയങ്ക ഗാന്ധി വദ്ര. കര്‍ഷകരെ നരേന്ദ്ര മോദി തീവ്രവാദികളാക്കി ചിത്രീകരിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു. എയര്‍ ഇന്ത്യ കൈമാറ്റം സംബന്ധിച്ചും പ്രിയങ്ക അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുകയാണ് മോദി ചെയ്തത്, ലക്‌നൗവിലെത്തിയിട്ടും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതും പ്രിയങ്ക ചൂണ്ടിക്കാണിച്ചു.

അവകാശ പോരാട്ടങ്ങള്‍ക്കിറങ്ങിയവരെ അപമാനിക്കുന്ന നിലപടാണ് ബിജെപി സ്വീകരീച്ചത്. കര്‍ഷകരെ തെമ്മാടികളെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് അംഭിസംബോധന ചെയ്തത്. മറ്റൊരു മന്ത്രി (അജയ് കുമാര്‍ മിശ്ര) കര്‍ഷകരെ അടിച്ചൊതുക്കുമെന്ന് പറഞ്ഞു. 2 മിനിറ്റില്‍ വരച്ച വരയില്‍ നിര്‍ത്തുമെന്നാണ് അയാള്‍(മന്ത്രി) പറഞ്ഞത്. കര്‍ഷകരെ അപമാനിക്കുന്ന നിലപാടാണിതെന്നും പ്രിയങ്ക പറഞ്ഞു.

1600 കോടി രൂപ മുടക്കി നരേന്ദ്ര മോദി രണ്ട് വിമാനങ്ങള്‍ വാങ്ങി, പിന്നാലെ 18000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ വിറ്റു. കോടിശ്വരന്മാരായ തന്റെ സുഹൃത്തുക്കള്‍ എയര്‍ ഇന്ത്യ മോദി വിറ്റത്. രാജ്യത്തെ അന്നമൂട്ടുന്നത് കര്‍ഷകരാണ്. അവരുടെ മക്കളാണ് അതിര്‍ത്തികള്‍ കാവലിരിക്കുന്നത്. അവരുടെ കുടുംബങ്ങളില്‍പ്പെട്ടവരാണ് ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതായി. കേന്ദ്രമന്ത്രി അജയ് മിശ്രയെ സസ്പെന്‍ഡു ചെയ്യുന്നതുവരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. അദ്ദേഹത്തിന്റെ മകനാണ് കര്‍ഷകര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റിയത്. എന്നാല്‍ യുപി മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

പതിനായിരങ്ങള്‍ പങ്കെടുത്ത് ഭീമന്‍ റാലിയാണ് മോദിയുടെ മണ്ഡലത്തില്‍ നടന്നതെന്ന് ബിജെപിയെ ആശങ്കയിലാക്കുന്നതാണ്. റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും കര്‍ഷകരാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അനുഗ്രഹം തേടിയതിന് ശേഷമാണ് പ്രിയങ്ക റാലിക്കെത്തിയത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിരീക്ഷകനുമായ ഭൂപേഷ് ബാഘേലും പാര്‍ട്ടി എംപി ദീപേന്ദര്‍ സിങ് ഹൂഡയും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു.