കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

ഇന്ത്യയില്‍ ആഞ്ഞടിച്ച കോവിഡിന്‍റെ രണ്ടാം തരംഗത്തിനു ശേഷം ഇനിയൊരു മൂന്നാം തരംഗത്തിനു സാധ്യതയുണ്ടോ എന്നാണ് ഇന്ന് എല്ലാവരുടേയും ചോദ്യം. ആദ്യ തരംഗത്തെ അപേക്ഷിച്ച് മരണങ്ങളുടെയും അണുബാധകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവായിരുന്നു രണ്ടാം തരംഗത്തിലുണ്ടായത്. പതുക്കെ പതുക്കെ രാജ്യത്ത് കോവിഡ് കണക്കുകളില്‍ കുറവ് വരുകയും വാക്സിനേഷന്‍ ഡ്രൈവുകള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ വരവ് ആളുകളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

“ദീര്‍ഘമായ കോവിഡ് കാലം ഒരു ഉയർന്നുവരുന്ന വെല്ലുവിളിയാണ്, അവിടെ ആളുകൾക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകൂവെങ്കിലും ശ്വാസതടസ്സം, ദീർഘകാലം ക്ഷീണം തുടങ്ങിയവ രോഗികളെ സാരമായി ബാധിക്കുന്നു.  കോവിഡ് നെഗറ്റീവായാലും അവർ രോഗബാധിതരായി തുടർന്നേക്കാം. ഇത് വളരെ സങ്കീർണ്ണമായ ഒന്നാണ്, ഭാവിയിൽ ഈ വൈറസുകളെ തടയുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്.” – ഒരു മീഡിയ കോൺക്ലേവിൽ സംസാരിക്കവേ കൊളംബിയ യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ഡോ. ഇയാൻ ലിപ്കിൻ പറഞ്ഞു.

വാക്സിനുകൾ ലഭ്യമാണെങ്കിലും, പകർച്ചവ്യാധിയുടെ കാര്യത്തിൽ മനുഷ്യന്‍റെ പെരുമാറ്റം പ്രവചിക്കാൻ കഴിയില്ലെന്നാണ് സെന്‍ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോഷൽ വാലൻസ്കി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.

“ശാസ്ത്രം ഒരുപാട് വളര്‍ന്നു. നമുക്ക് വാക്സിനുകളും ലഭ്യമാണ്. പക്ഷേ, നമുക്ക് പ്രവചിക്കാൻ കഴിയാത്തത് മനുഷ്യ സ്വഭാവമാണ്. ഈ മഹാമാരിക്കാലത്ത് മനുഷ്യരുടെ പെരുമാറ്റം നല്ല രീതിയിലല്ല പ്രകടമായിരുന്നത്.”- റോഷൽ വാലൻസ്കി പറയുന്നു.

കോവിഡ് -19 ഇന്ത്യയിൽ ഒരു അവസാന ഘട്ടത്തിലേക്ക് എത്തുകയാണെന്നും, ഇത് മറ്റു ഘട്ടങ്ങളെ അപേക്ഷിച്ച് അപകടം കുറഞ്ഞതാണെന്നും ഇന്ത്യൻ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് നേരത്തെ പ്രസ്താവിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, “രണ്ടാമത്തെ തരംഗത്തിനുശേഷം, രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് പേരും വൈറസ് ബാധിച്ചവരായിരിക്കും. അതിനാൽ, രണ്ടാം തരംഗത്തിന്‍റെയത്ര തീവ്രത അടുത്ത ഘട്ടത്തിനുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.”- ഗഗൻദീപ് അഭിപ്രായപ്പെട്ടു.