രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ രാജ്യത്ത് നിന്ന് പൂര്‍ണമായി പോയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം, കോവിഡ് കുറയുന്നു എന്നതുകൊണ്ട് സുരക്ഷാ നടപടികളില്‍ വീഴ്ച വരുത്തരുതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. യു.കെ, റഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കോവിഡ് ശക്തമായി തിരിച്ചുവരികയാണ്. നമ്മുടെ രാജ്യത്ത് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.