ലഖിംപുര്‍ ഖേരി സംഭവം; സുപ്രീം കോടതി നാളെ വാദം കേള്‍ക്കും

 

ന്യൂഡല്‍ഹി: യു പിയിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

കേസിലെ സാക്ഷികള്‍ക്ക് 2018ലെ സാക്ഷി സംരക്ഷണ സ്‌കീം പ്രകാരം സംരക്ഷണം നല്‍കണമെന്ന് ഒക്ടോബര്‍ 26ന് യു പി സര്‍ക്കാറിന് പരമോന്നത കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ മറ്റ് സാക്ഷികളുടെ മൊഴികള്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ 164 വകുപ്പനുസരിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് കോടതി നിര്‍ദേശിക്കുകയുണ്ടായി. ഡിജിറ്റല്‍ തെളിവുകള്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാന്‍ സത്വര വേഗത്തില്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ സംഭവത്തില്‍ നിജസ്ഥിതി റിപ്പോര്‍ട്ടും കോടതി തേടിയിരുന്നു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ സി ബി ഐയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

68 സാക്ഷികളില്‍ 30 പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഒക്ടോബര്‍ 26ന് കേസ് പരിഗണിച്ച വേളയില്‍ യു പി സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയ 30 സാക്ഷികളില്‍ 23 പേര്‍ സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളാണെന്നും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്ര കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റിയത്.