ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ; നിയന്ത്രണങ്ങൾ കർശനമാക്കണം

ലോക്ക് ഡൗൺ തുടർ തീരുമാനം വരുന്നതിന് മുമ്പായി സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തിസ്ഗഢ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ നീട്ടണമെന്നതാണ് ജാർഖണ്ഡ് ഉന്നയിച്ച ആവശ്യം. മറ്റ് സംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തണമെന്ന് അസം സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ ആരംഭിച്ചത്.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, അസം തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന അഭിപ്രായമുള്ളവരാണ്. ഇളവുകളോടെയുള്ള ലോക്ക് ഡൗൺ വേണമെന്നാണ് മറ്റ് സംസ്ഥാനങ്ങലുടെ അഭിപ്രായം. രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഇന്നലെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും സംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കളുമായും പ്രധാനമന്ത്രി വിഷയം ചർച്ച ചെയ്തിരുന്നു. കേന്ദ്രത്തിന്റെ നീക്കങ്ങളോട് പ്രതിപക്ഷവും പിന്തുണ അറിയിച്ചിട്ടുണ്ട്.