കൊവിഡ് മുക്തമായെന്ന് പരിശോധനയില്‍ തെളിഞ്ഞ യുവതിക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ 27കാരിക്കാണ് നെഗറ്റീവായ ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരിവില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണെങ്കിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 24നാണ് യുവതിക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും കാരണം നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ചികില്‍സയ്ക്കു ശേഷം നടത്തിയ പരിശോധനയില്‍ നെഗറ്റീവാവുകയും ആശുപത്രിയില്‍ ഡിസ്ചാര്‍ജാവുകയും ചെയ്തു.
എന്നാല്‍ ഒരു മാസത്തിന് ശേഷം ആഗസ്ത് അവസാന വാരത്തില്‍ ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. എന്നാല്‍, യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് ബെംഗളുരു ഫോര്‍ടിസ് ആശുപത്രിയിലെ ഡോ. പ്രതിക് പാട്ടീല്‍ പറഞ്ഞു. എന്നാല്‍, രോഗമുക്തയായവര്‍ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് അണുബാധയേറ്റ ശേഷം യുവതിക്ക് ആന്റിബോഡ് ക്രിയേറ്റ് ചെയ്യപ്പെടാത്തതാവാം വീണ്ടും രോഗമുണ്ടാവാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.