മോഹൻലാലിന്റെ നിർദേശം കേട്ടാണ് തീരുമാനം; ‘മരക്കാർ’ ഒടിടിയിൽ തന്നെ: ആന്റണി പെരുമ്പാവൂർ

 

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ നിർദേശം കേട്ടാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തൽ പറഞ്ഞു.

മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. 40 കോടിയോളം രൂപ തിയറ്റർ ഉടമകൾ തന്നുവെന്ന് പ്രചാരണമുണ്ടായി. ഇത്രയും പണം നൽകി മുൻപ് ഒരു സിനിമയും തിയറ്ററിൽ കളിച്ചിട്ടില്ല. മന്ത്രി സജി ചെറിയാനുമായി ചർച്ചയ്ക്ക് തയാറായതാണ്. എന്നാൽ, തിയറ്റർ ഉടമകൾ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒടിടി ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

തിയറ്റർ ഉടമകളുടെ സംഘടന എല്ലാക്കാലത്തും എന്നെ സഹായിച്ചിരുന്നു. പക്ഷേ മരക്കാറുമായി ബന്ധപ്പെട്ട് എന്നോട് ഒരിക്കലും നേരിട്ട് ചർച്ച നടത്തിയിട്ടില്ല. 21 ദിവസം ഈ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രതീക്ഷിച്ചപോലെ എല്ലാ തിയറ്ററിൽനിന്നും പിന്തുണ ലഭിച്ചില്ല. കോവിഡ് പശ്ചാത്തലത്തിൽ മോഹൻലാൽ ഉൾപ്പെടെ തന്ന നിർദേശത്തിലാണ് സിനിമ ഒടിടിയിലേക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.