ചൈനയെ ഒതുക്കാന്‍ യുദ്ധകപ്പലുകളുമായി ഇന്ത്യന്‍ നാവിക സേന; നാല് യുദ്ധകപ്പലുകളാണ് വിന്യസിക്കുക

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന അധിനിവേശത്തിനും കടന്നുകയറ്റത്തിനും മറുപടിയുമായി ഇന്ത്യ. ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ നാവികസേനയെ അയക്കാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ അധിനിവേശ ശ്രമത്തെ ശക്തമായി ചെറുക്കാന്‍ ഇനി ഇന്ത്യയുമുണ്ടാകുമെന്ന് വ്യക്തമായ സൂചനയാണ് ഇന്ത്യ നല്‍കുന്നത്.

ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ അയക്കുക. ഒരു ഗൈഡന്‍സ് മിസൈല്‍ പ്രതിരോധ സംവിധാനം, ഒരു മിസൈല്‍ ഫ്രിഗൈറ്റ് എന്നിവയടങ്ങിയ നാല് യുദ്ധകപ്പലുകളാണ് ഇന്ത്യ ചൈനീസ് ഭീഷണിയുളളയിടങ്ങളില്‍ വിന്യസിക്കുക. തെക്കു കിഴക്കന്‍ ഏഷ്യ, ദക്ഷിണ ചൈനാ കടല്‍, പടിഞ്ഞാറന്‍ പസഫിക് ഭാഗങ്ങളില്‍ ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ വിന്യസിക്കും. പ്രധാനമായും അമേരിക്കയുമായി ചൈനയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭാഗമാണ് ദക്ഷിണ ചൈനാ കടല്‍ മേഖല.