യുദ്ധം നിർത്താൻ പുടിനോട് ആവശ്യപ്പെടാൻ ഞങ്ങൾക്കാകുമോ; സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

യുക്രൈൻ രക്ഷാദൗത്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കുകയാണെന്ന് ചിലർ ചോദിക്കുന്നതിന്റെ വീഡിയോ താനും കണ്ടിട്ടുണ്ട്. റഷ്യൻ പ്രസിഡന്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു

നിലവിൽ രക്ഷാ ദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്നും ഇക്കാര്യത്തിൽ അറ്റോർജി ജനറലിനോട് ഉപദേശം തേടാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാർഥികളെ തിരികെ എത്തിക്കാൻ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് എ ജിയോട് നിർദേശിച്ചു.

എന്നാൽ പടിഞ്ഞാറൻ യുക്രൈനിലെ വിദ്യാർഥികളെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികളുടെ അവസ്ഥയിൽ കോടതിക്ക് വിഷമമുണ്ടെന്നും ഏത് സർക്കാരിനോട് സുരക്ഷ ഉറപ്പാക്കാനാണ് കോടതി നിർദേശം നൽകേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.