ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 234 പേർ മരിച്ചു. 24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്‌തി നേടിയത്. 1.70 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 2.73 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്. രോഗമുക്‌തി നിരക്ക് 97.86 ശതമാനം ആയി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്.
അതേസമയം ചികിൽസയിൽ ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള സംസ്‌ഥാനമായി കേരളം തുടരുന്നു. കേരളത്തിൽ ഇന്നലെ 13,834 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗം സ്‌ഥിരീകരിച്ച് ചികിൽസയിലായിരുന്ന 13,767 പേർ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് കേരളത്തിൽ പരിശോധിച്ചത്.