ഇന്ത്യയില്‍ 2021 ജനുവരി ഒന്നിന് പിറന്നത് 60,000 കുഞ്ഞുങ്ങൾ

ഇന്ത്യയില്‍ 2021 ജനുവരി ഒന്നിന് പിറന്നത് 60,000 കുഞ്ഞുങ്ങളെന്ന് യുനിസെഫ്. ലോകത്ത് ഇന്നലെ 3.7 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചെന്നും യുനിസെഫ് കണക്കുകള്‍ പറയുന്നു. ഇന്ത്യയ്ക്ക് പിന്നാലെ ചൈനയിലാണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ഇന്നലെ ജനിച്ചത്. 35,615 കുഞ്ഞുങ്ങള്‍ ഇന്നലെ ചൈനയില്‍ ജനിച്ചെന്നാണ് കരുതുന്നത്.
നൈജീരിയ-21,439, പാകിസ്ഥാന്‍-14,161, ഇന്തോനേഷ്യ-12,336, എത്യോപ്യ-12,006, യുഎസ്-10,312 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍.

രാജ്യങ്ങളിലെ ജനനത്തിന്റെ പ്രതിമാസ, ദൈനംദിന ഭിന്നസംഖ്യകള്‍ വിലയിരുത്തുന്നതിനായി രജിസ്ട്രേഷന്‍, ദേശീയ ഗാര്‍ഹിക സര്‍വേ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് യുനിസെഫ് പുറത്തുവിട്ടത്. 2021 ല്‍ 14 കോടി കുഞ്ഞുങ്ങള്‍ ലോകത്ത് ജനിക്കുമെന്നാണ് യുനിസെഫ് കണക്കുകള്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84 വര്‍ഷമായിരിക്കുമെന്നും യുനിസെഫ് പറയുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമായ ലോകത്തേക്കാണ് ഇന്നലെ ജനിച്ച കുഞ്ഞുങ്ങള്‍ പ്രവേശിച്ചിരിക്കുന്നതെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍‌റിയേറ്റ ഫോര്‍ അഭിപ്രായപ്പെട്ടു. പുതുവര്‍ഷം കാഴ്ച്ചപ്പാടുകള്‍ മാറ്റാനുള്ള അവസരമാണ്. വരും തലമുറയ്ക്കായി നാം ഒരുക്കുന്ന ലോകത്തിന്റെ അവകാശികളാണ് ഇപ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍. അദ്ദേഹം പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനുള്ള നയങ്ങളും സംവിധാനങ്ങളുമാണ് വേണ്ടതെന്ന് ഈ കോവിഡ് മഹാമാരി കാലം കാണിച്ചു തന്നുവെന്ന് യുനിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിന്‍ അലി ഹഖ് പറഞ്ഞു.