ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളം സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു.
വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ കൊവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.കണ്ടെയിന്‍മെന്റ് സോണുകളില്‍ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു