ലക്ഷദ്വീപ് നിവാസികളുടെ സന്തോഷവും സ്വാതന്ത്ര്യവും ഇല്ലാതാക്കി അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന ഉട്ടോപ്യൻ പരിഷ്‌കാരങ്ങൾക്കെതിരെ നടൻ പ്രൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. തനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ നടക്കുന്ന സംഭവങ്ങളിൽ സന്തുഷ്ടരല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
ആദ്യമായി ലക്ഷദ്വീപ് കാണുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്ന് ടൂർ പോയപ്പോഴാണ്. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും ദ്വീപിലെത്തി. രണ്ട് മാസമാണ് കവരത്തിയിൽ ചെലവഴിച്ചത്. ഒപ്പം ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകളെയും സുഹൃത്തുക്കളെയും അവിടെ നിന്ന് കിട്ടി. രണ്ട് വർഷം മുമ്പ് ഞാൻ വീണ്ടും സിനിമയുമായി അവിടേക്കു തിരിച്ചുപോയി, സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസ് പകർത്തിയതവിടെയാണ്. ലക്ഷദ്വീപിലെ ഊഷ്മളമായ ഹൃദയമുള്ള ആളുകൾ ഇല്ലെങ്കിൽ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന് എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് എനിക്ക് നിരാശാജനകമായ സന്ദേശങ്ങൾ ലഭിക്കുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചിലപ്പോൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ പോകുന്നില്ല, പുതിയ അഡ്മിനിസ്ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങൾ’ തികച്ചും വിചിത്രമെന്ന് തോന്നുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ അവ എളുപ്പത്തിൽ ലഭ്യമായിരിക്കണം.
എനിക്കറിയാവുന്ന കാര്യം, എനിക്കറിയാവുന്ന ദ്വീപുവാസികളാരും, അല്ലെങ്കിൽ എന്നോട് സംസാരിച്ചവരാരും അവിടെ നടക്കുന്ന സംഭവങ്ങളിൽ തീർത്തും സന്തുഷ്ടരല്ല എന്നതാണ്. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു.
സംഭവിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും. നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിൽ കൂടുതൽ വിശ്വാസമുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ, അവരുടെ വരവിൽ യാതൊരു വിധ ഇടപെടലും നടത്താൻ കഴിയാതെ വരുമ്പോൾ, അവർ അത് ലോകത്തിന്റെയും അവരുടെ സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമ്പോൾ, അതിന്റെ മേൽ നടപടി സ്വീകരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. അതിനാൽ ബന്ധപ്പെട്ടവർ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേൾക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്, അതിലും മനോഹരമായ ആളുകൾ അവിടെ വസിക്കുന്നു.