മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത അനുഭവം വിവരിച്ച് നടന്‍ സലിം കുമാര്‍. സുകുമാരി, കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യനായിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.
‘പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു. എന്നാലും വല്ലപ്പോഴും തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു. അത് കാണുമ്പോള്‍ ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയും – മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും. അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണ്.
അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ എനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല. പക്ഷേ എന്‍റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം,’ സലിംകുമാര്‍ പറയുന്നു.