ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി
ചുരുളിയിലെ ഭാഷാ പ്രയോഗം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്. തുടർന്ന് പത്മകുമാർ അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ചു. ചുരുളി ഒരു തരത്തിലുമുള്ള നിയമലംഘനം നടത്തുന്നില്ലെന്നാണ് പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
കഥാപാത്രങ്ങളുടെ വിശ്വാസ്യതക്ക് ഈ ഭാഷ അനിവാര്യമാണ്. ഇത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അത് പരിഗണിക്കേണ്ടി വരും. ഒടിടി പ്ലാറ്റ് ഫോം എല്ലാവർക്കും എളുപ്പം കയറി ചെല്ലാവുന്ന പൊതുഇടമല്ല. ഏതെങ്കിലും തരത്തിലുള്ള മോശം പ്രയോഗങ്ങളുണ്ടെങ്കിലേ അവ നിയമ വ്യവസ്ഥയെ ലംഘിക്കുന്നുള്ളു. സെൻഷർഷിപ്പും ബാധകമല്ല. കൂടാതെ ചിത്രത്തിൽ വയലൻസും മോശം പദപ്രയോഗങ്ങളുണ്ടെന്നുമുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.