മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തിൽ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി

മുഖ്യമന്ത്രിയെ പ്രതിയാക്കാനോ “സ്ഥാപനമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ” തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഒന്നര വർഷം കൊണ്ട് 500 കോടി രൂപയുടെ സ്വർണ്ണക്കടത്ത് നടത്തിയെന്നാണ് എൻഐഎ വിലയിരുത്തൽ. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷാണെന്നും സംസ്ഥാനത്തെ യുഎഇ കോൺസുലേറ്റ് മുതൽ മുഖ്യമന്ത്രി ഓഫീസ് വരെ ഇവർക്ക് ബന്ധമുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു

ഒറ്റനോട്ടത്തിൽ സ്വർണക്കടത്ത് കേസ് ഒരു അഴിമതി മാത്രമാണെന്ന് തോന്നുമെങ്കിലും ഇവർ കടത്തിയ സ്വർണത്തിന്റെ തോത് പരിശോധിക്കുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട വൻതുക വിലയിരുത്തിയ ശേഷമാണ് എൻ‌ഐ‌എ കേസ് ഏറ്റെടുത്തത്. നിലവിലെ നിരക്കിൽ ഏകദേശം 500 കോടിയിലധികം വിലയുള്ള സ്വർണം കടത്തിയിട്ടുണ്ട്.

ഇത് ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള സാധ്യതയുണ്ട്. ജൂലൈ 24നാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തീയതി മുതൽ 180 ദിവസത്തിനുള്ളിൽ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളതായും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.