ചുരുളി കാണാൻ കേരളാ പോലീസ്; നിയമ ലംഘനം പരിശോധിക്കാൻ സമിതി രൂപീകരിച്ചു

കേരളാ പോലീസ് ചുരുളി സിനിമ കാണും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ് പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ സി പി നസീമ എന്നിവരാണ് സിനിമ കണ്ട് റിപ്പോർട്ട് നൽകുക

ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിൽ ഏതെങ്കിലും തരത്തിലുള്ള നിയമസംഘനം നടന്നിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകുകയായിരുന്നു.

ചുരുളി പൊതുധാർമികതക്ക് നിരക്കാത്തതാണെന്നും സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ അഭിപ്രായം